ഇപ്പോള്‍ വാങ്ങാവുന്ന അഞ്ച് ഓഹരികള്‍
Posted on: 15 Sep 2010
മുന്നേറ്റത്തിനിടെ ഉണ്ടാവുന്ന ഓരോ തിരുത്തലുകളും നിക്ഷേപാവസരമായി മാറ്റണം. കൈയിലുളള മുഴുവന്‍ പണവും ഒറ്റയടിക്ക് നിക്ഷേപിക്കാതെ ഘട്ടം ഘട്ടമായി നിക്ഷേപിച്ചാല്‍ നഷ്ട സാധ്യത വലിയൊരളവോളം കുറക്കാനാവും.
ടാറ്റാ സ്റ്റീല്‍ (596.80)
രാജ്യത്തിന്റെ സമ്പദ്ഘടന ഉയരുന്ന സാഹചര്യത്തില്‍ നിക്ഷേപത്തിന് അനുയോജ്യമായ ഓഹരിയാണ് ടാറ്റാ സ്റ്റീല്‍. വ്യാവസായിക ഉത്പാദനം ഉയരത്തിലെത്തിയതും ലോഹ മേഖലയുടെ പുരോഗമനത്തിന് അടിവരയിടുന്നു. ലോകത്തെ ഏഴാമത് വലിയ സ്റ്റീല്‍ നിര്‍മാണ കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. കാനഡയിലെ സംയുക്ത സംരംഭത്തില്‍ 80 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിനായി 1350 കോടി രൂപ മുതല്‍മുടക്കും. 2012ഓടെ പദ്ധതിയില്‍ നിന്ന് 40 ലക്ഷം ടണ്‍ ഇരുമ്പയിര് ഉത്പാദിക്കാമെന്നാണ് ടാറ്റാ സ്റ്റീല്‍ കരുതുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ മൂല്യം ഉയരാന്‍ സാധ്യതയുളള ഓഹരിയാണ് ടാറ്റാ സ്റ്റീല്‍. ഈ ഓഹരിയുടെ ഇപ്പോഴത്തെ വില 596.80 രൂപയാണ്. 760 രൂപയാണ് ടാര്‍ഗറ്റ് വില.
മാരുതി സുസുക്കി (1346.10)
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വാഹന വിപണികളിലൊന്നാണ് ഇന്ത്യ. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും മികച്ച വളര്‍ച്ച നേടിയ മേഖലയാണിത്. ഇടത്തരക്കാരുടെ വരുമാനം കൂടുന്ന സാഹചര്യവും രാജ്യത്ത് റോഡ് വികസനത്തിന് ആക്കം കൂടുന്നതും ഈ മേഖലയ്ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണകരമാവും. മേഖലയില്‍ മുന്‍പന്തിയിലുളള മാരുതി സുസുക്കി ഓഹരികളാണ് തിരഞ്ഞെടുക്കാന്‍ ഉചിതം. മാരുതി ഈയിടെ നിരവധി പുതിയ മോഡലുകള്‍ നിരത്തിലിറക്കിയിരുന്നു. മാരുതി ഓഹരികള്‍ക്ക് നിശ്ചയിക്കാവുന്ന ടാര്‍ഗെറ്റ് വില 1586 രൂപയാണ്. 1346.10 രൂപയാണ് നിലവിലെ വില.
റാഡിക്കോ ഖെയ്താന്‍ (168.65)
നിക്ഷേപകനെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാവുന്ന മേഖലയാണ് മദ്യ വ്യവസായ മേഖല. സാമ്പത്തിക മാന്ദ്യം പോലുളള അവസരങ്ങള്‍ പോലും സാധാരണ ഗതിയില്‍ ഈ മേഖലയെ കാര്യമായി ബാധിക്കാറില്ല. മൊളാസസിന് വില കുറഞ്ഞതും ഈ മേഖലയ്ക്ക് സഹാകമാവുമെന്നു കരുതാം. വൈറ്റ് ലിക്വറിനോട് ആളുകള്‍ക്ക് താത്പര്യം കൂടിയതു കൂടി കണക്കിലെടുക്കുമ്പോള്‍ ഈ മേഖലയില്‍ നിന്നും റാഡിക്കോ ഖെയ്താന്‍ ഓഹരികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. 250 രൂപയാണ് നിശ്ചയിക്കാവുന്ന ടാര്‍ഗെറ്റ്. 168.65 രൂപയാണ് ഇപ്പോഴത്തെ വില.
ആക്‌സിസ് ബാങ്ക് (1424.75)
ഇപ്പോള്‍ ഏറ്റവുമധികം മുന്നേറിക്കൊണ്ടിരിക്കുന്ന മേഖലയാണ് ബാങ്കിങ്. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യന്‍ ബാങ്കിങ് മേഖല കരുത്ത് തെളിയിച്ചു. ഗ്രാമീണ മേഖലയിലേക്ക് കൂടി ബാങ്കുകള്‍ വികസനം ലക്ഷ്യമാക്കുന്ന സാഹചര്യത്തില്‍ ഈ മേഖല കെട്ടുറപ്പുളളതാണെന്ന് കരുതാം. വായ്പാ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ആക്‌സിസ് ബാങ്ക് ഓഹരികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. 1424.75 രൂപയാണ് നിലവിലെ വില. ടാര്‍ഗെറ്റ് 1670 രുപയും.
ഹിന്‍ഡാല്‍ക്കോ (186.50)
സാമ്പത്തിക രംഗത്ത് രാജ്യം കൈവരിച്ച പുരോഗതിയും മൊത്ത ആഭ്യന്തര ഉത്പാദനത്തിലുണ്ടായ വളര്‍ച്ചയും അലുമിനിയത്തിന്റെ ഡിമാന്‍ഡ് ഭാവിയില്‍ ഉയര്‍ത്തിയേക്കുമെന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഹിന്‍ഡാല്‍ക്കോ ഓഹരികളിലുളള നിക്ഷേപം സുരക്ഷിതമായേക്കും. 237 രൂപയാണ് ടാര്‍ഗെറ്റ്. 186.50 രൂപയാണ് നിലവിലുളള വില.
No comments:
Post a Comment