Monday, 11 April 2011

എന്താണീ ഐ.ഡി.ആര്‍?

ജോയി ഫിലിപ്പ്



ഇന്ത്യയിലെ ആദ്യത്തെ ഐ.ഡി.ആര്‍ ഇഷ്യു (ഇന്ത്യന്‍ ഡെപ്പോസിറ്ററി റെസിപ്റ്റ്‌സ്) വിപണിയില്‍ എത്തിയിരിക്കുകയാണ്. 1958ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് ചാര്‍ട്ടേഡ് ബാങ്കാണ് ഇഷ്യു നടത്തുന്നത്. അഞ്ചു വര്‍ഷം മുമ്പ് ഐ.ഡി.ആര്‍ രൂപപ്പെട്ടുവെങ്കിലും വളരെക്കാലത്തിനുശേഷം ഇപ്പോഴാണ് അത് ആദ്യമായി പ്രാവര്‍ത്തികമാകുന്നത്.

പുതിയൊരു നിക്ഷേപ മാര്‍ഗ്ഗം

ഏതെങ്കിലും വിദേശ കമ്പനിയിലെ ഓഹരിയെ മുഴുവനായോ ഭാഗികമായോ പ്രതിനിധീകരിക്കുന്ന രസീത് ആണ് ഐ.ഡി.ആര്‍. ഇഷ്യു നടത്തുന്ന കമ്പനി നിക്ഷേപകര്‍ക്ക് ഈ രസീത് നല്‍കാന്‍ ഇന്ത്യന്‍ ഡിപ്പോസിറ്ററിയെ നിയമിക്കുന്നു. ഈ രസീതിനെ പ്രതിനിധീകരിക്കുന്ന യഥാര്‍ത്ഥ ഓഹരികള്‍ വിദേശത്തെ കസ്റ്റോഡിയന്റെ കൈവശമായിരിക്കും. ഓരോ ഐ.ഡി.ആറും പ്രതിനിധീകരിക്കുന്ന ഓഹരികളുടെ എണ്ണം നിശ്ചയിക്കുന്നത് ഇഷ്യു നടത്തുന്ന കമ്പനിയാണ്. ഉദാഹരണത്തിന് സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ കാര്യത്തില്‍ 10 ഐ.ഡി.ആര്‍ ഒരു ഓഹരിക്കു തുല്യമായിട്ടാണ് കണക്കാക്കുന്നത്.

ഐ.ഡി.ആര്‍ ഇന്ത്യന്‍ രൂപയിലാണ് ഇഷ്യു നടത്തുന്നത്. അതിനാല്‍ തന്നെ ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് വ്യാപാരം നടത്തുന്നതുപോലെ ഐ.ഡി.ആറിലും വ്യാപാരം നടത്താം. ഇപ്പോള്‍ ഓഹരികളുടെ കാര്യത്തിലെന്നതുപോലെ ഡീമാറ്റ് രൂപത്തിലാണ് ഐ.ഡി.ആര്‍ നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റായി വാങ്ങി സൂക്ഷിക്കണമെന്നുള്ളവര്‍ക്ക് പ്രത്യേക അപേക്ഷ നല്‍കി അത്തരത്തിലാക്കാം.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് ഓഹരി പോലെ വ്യാപാരം നടത്താമെങ്കിലും ഐ.ഡി.ആര്‍ ഓഹരിയല്ല. ഓഹരിയുടമ എന്നു പറഞ്ഞാല്‍ കമ്പനിയുടെ ഉടമസ്ഥനെന്നാണ്. ഐ.ഡി.ആര്‍ അത്തരം ഓഹരിയെ പ്രതിനിധീകരിക്കുന്ന രസീത് ആണ്. ഐ.ഡി.ആറിനെ ഓഹരിയാക്കി മാറ്റാന്‍ സാധിക്കും. പക്ഷേ വളരെ അപൂര്‍വമായിട്ടേ അങ്ങനെ സംഭവിക്കുന്നുള്ളൂ. ഓഹരിയുടമയുടേയും ഐ.ഡി.ആര്‍ ഉടമയുടേയും അവകാശങ്ങള്‍ വ്യത്യസ്തമാണ്.
ഐ.ഡി.ആര്‍ ഉടമയുടെ അവകാശങ്ങള്‍ അത് ഇഷ്യു ചെയ്യുന്ന കമ്പനി വ്യക്തമാക്കിയിരിക്കും. ഇഷ്യു നടത്തുന്ന കമ്പനി ഡെപ്പോസിറ്ററിയുമായി ഇതു സംബന്ധിച്ച് കരാര്‍ ഉണ്ടാക്കിയിരിക്കും. ആ കരാര്‍ അനുസരിച്ച് വോട്ട് ചെയ്യുന്നതിനും അവകാശ ഇഷ്യുവില്‍ പങ്കെടുക്കുന്നതിനുമൊക്കെ അവകാശം ലഭിക്കും. ഇഷ്യു നടത്തുന്ന രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് ഓരോ കമ്പനിയും ഡിപ്പോസിറ്ററിയുമായി കരാര്‍ വച്ചിട്ടുണ്ടാകും. ഡിപ്പോസിറ്ററി നല്‍കുന്ന സേവനങ്ങള്‍ക്ക് ഐ.ഡി.ആര്‍ ഉടമ ഫീസ് നല്‍കണം. അത് ഡിപ്പോസിറ്ററി നിശ്ചയിച്ചിട്ടുണ്ടാകും.

സാധാരണ ഗതിയില്‍ ഐ.ഡി.ആറിന്റെ വില അത് ഇഷ്യു ചെയ്യുന്ന കമ്പനിയുടെ ഓഹരി വിലയുമായി ബന്ധപ്പെട്ടായിരിക്കും നീങ്ങുക. അതിനാല്‍ വിദേശനാണയങ്ങളുടെ വിലയില്‍ വരുന്ന മാറ്റം ഐ.ഡി.ആറിന്റെ വിലയേയും സ്വാധീനിക്കും.

ഓഹരിയിലെ പോലെ നഷ്ടസാധ്യത

ഓഹരി വ്യാപാരത്തിലെ റിസ്‌ക് പോലെ തന്നെ ഐ.ഡി.ആറിന്റെ വ്യാപാരത്തിലും റിസ്‌ക് ഉണ്ട്. ഇഷ്യു ചെയ്യുന്ന കമ്പനിയുടെ ആസ്തിയുമായി ഐ ഡി ആറിനെ ബന്ധിപ്പിച്ചിട്ടല്ല. അതായത് ഏതെങ്കിലും ആസ്തിയുമായി ഐ.ഡി.ആര്‍ സെക്യൂര്‍ ചെയ്തിട്ടില്ല.

നേരത്തെ സൂചിപ്പിച്ചതുപോലെ ഐ.ഡി.ആറിനെ ആവശ്യമെങ്കില്‍ ഓഹരിയാക്കി മാറ്റാം. അതിന് ആദ്യമായി റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കണം. അവരുടെ അനുമതി ലഭിച്ചാല്‍ ഇതിനെ ഓഹരിയാക്കി മാറ്റാം. ഓഹരിയായി മാറ്റിക്കഴിഞ്ഞാല്‍ ഇഷ്യു നടത്തുന്ന കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുളള വിദേശ എക്‌സ്‌ചേഞ്ചുകളിലേ അത് വ്യാപാരം നടത്തുവാന്‍ സാധിക്കുകയുള്ളു. ഭാഗികമായുള്ള കണ്‍വേര്‍ഷന്‍ അനുവദിക്കുകയില്ല. ഇഷ്യു നടത്തി ഒരു വര്‍ഷത്തിനുശേഷം മാത്രമേ അത് ഓഹരിയാക്കി മാറ്റാന്‍ സാധിക്കൂ.

ഐ.ഡി.ആറിനെ ദീര്‍ഘകാലമൂലധന വളര്‍ച്ചാ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. കോസ്റ്റ് ഇന്‍ഡെക്‌സേഷന്‍ അനുസരിച്ചുളള ദീര്‍ഘകാലമൂലധന വളര്‍ച്ചാ നികുതി നല്‍കണം. ഐ.ഡി.ആറിനെ സെക്യൂരിറ്റിയായി കണക്കാക്കുന്നില്ലാത്തതിനാല്‍ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് നല്‍കേണ്ടതില്ല. ഓഹരിയിലെന്നതുപോലെ 12 മാസത്തില്‍ കൂടുതല്‍ കൈവശം സൂക്ഷിച്ചാല്‍ അതിനെ ദീര്‍ഘകാല നിക്ഷേപമായി കണക്കാക്കും. ഹ്രസ്വകാല മൂലധന വളര്‍ച്ചാ നികുതി ബാധകമല്ല. എന്നാല്‍ ഏതു നികുതി സ്ലാബില്‍ വരുന്നുവോ അതനുസരിച്ച് നികുതി നല്‍കണം. ഐ.ഡി.ആര്‍ ഡിവിഡന്‍ഡിന് ലാഭവീത വിതരണ നികുതി ഇല്ലെങ്കിലും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ഉടമസ്ഥന്‍ നികുതി നല്‍കണം. ഓഹരിയാക്കി മാറ്റിയതിനുശേഷം വിദേശ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടത്തി വരുമാനം ലഭിച്ചാല്‍ അതിന് ഇവിടെ നികുതി നല്‍കണം.

ഇഷ്യു നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയില്‍ ലയിച്ചാല്‍ സാധാരണ ഓഹരി ഉടമയുടെ അവകാശങ്ങളെല്ലാം ഐ.ഡി.ആര്‍ ഉടമയ്ക്കുമുണ്ടാകും.

2006 ഏപ്രില്‍ മുതലാണ് ഇന്ത്യയ്ക്കു പുറത്തുള്ള കമ്പനികളെ ഐ.ഡി.ആര്‍ ഇഷ്യു നടത്താന്‍ അനുവദിച്ചത്. 2005ല്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. 2009-ല്‍ ഇഷ്യു നിയമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഐ.ഡി.ആര്‍ ഇഷ്യു വന്നതു വഴി ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ചില ഗുണങ്ങള്‍ ലഭ്യമാണ്. ഇപ്പോഴത്തെ നിയമനുസരിച്ച് ഒരു വര്‍ഷം 2,00,000 ഡോളറിനു മുകളില്‍ വിലയുള്ള വിദേശ സെക്യൂരിറ്റികള്‍ വാങ്ങാന്‍ സാധിക്കുകയില്ല. ഐ.ഡി.ആറില്‍ ഇത്തരം നിയന്ത്രണങ്ങളില്ല. അതേപോലെ വിദേശത്ത് ട്രേഡിങ് അക്കൗണ്ടും വേണ്ട. ലാഭവീതം, അവകാശ ഓഹരി, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം ഐ.ഡി.ആര്‍ ഉടമയ്ക്ക് ലഭിക്കുകയും ചെയ്യും.

സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഐ ഡി ആര്‍

ലോകത്തിലെ ഏറ്റവും പഴക്കമുളള ബാങ്കുകളിലൊന്നായ സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 150 വര്‍ഷമായി. ഇന്ത്യയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാഗ്രഹിക്കുന്ന അവര്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍നിന്ന് തുക സ്വരൂപിക്കുന്നതിനാണ് ഐ.ഡി.ആര്‍ ഇഷ്യുമായി എത്തിയിട്ടുള്ളത്. മെയ് 25ന് ആരംഭിച്ച ഇഷ്യു വഴി 50-70 കോടി ഡോളര്‍ സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇഷ്യു 28ന് അവസാനിക്കും. ഇഷ്യുവിന് അപേക്ഷിക്കുന്ന റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വിലയില്‍ 5 ശതമാനം ഇളവ് ലഭിക്കും.

ഐ.ഡി.ആറിന്റെ സൂചിത വില 98-137 രൂപയാണ്. 2009-ലെ വരുമാനത്തില്‍ പി ഇ 12.7-17.7 റേഞ്ചിലാണ്. ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളുടെ പി ഇ 11-ഉം സ്വകാര്യ മേഖല ബാങ്കുകളുടെ പി ഇ 24-ഉം ആണ്.
Tags: Indian Depository Receipt, IDR, Standard Charted Bank

No comments:

Post a Comment