ഓഹരിവിപണിയില്‍ നേട്ടം, ഉയരുന്നവരുടെ കൂടെ പോയാല്
Posted on: 14 Feb 2011
'വില കയറിയശേഷം വാങ്ങിയാലും കുഴപ്പമില്ല. പിന്നെയും വില കൂടും. നേട്ടമുണ്ടാകും.' ഇങ്ങനെയൊരു നിക്ഷേപസിദ്ധാന്തം ഇതാ രംഗത്ത്.
തലേ വര്‍ഷം നല്ല പ്രകടനം കാഴ്ചവച്ച ഓഹരികള്‍ വാങ്ങുക, നിങ്ങള്‍ക്കു നേട്ടമുണ്ടാകും. ഇതാണ് പുതിയ സിദ്ധാന്തം പറയുന്നത്. സംവേഗഫലം (Momentum effect) എന്നാണ് ഈ സിദ്ധാന്തക്കാര്‍ തങ്ങളുടെ നിഗമനത്തെ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി കയറ്റമായിരുന്ന ഓഹരി ഇനിയുള്ള കുറേ മാസങ്ങള്‍ കൂടി കയറും. വെറുതേ പറയുന്നതല്ല. പലര്‍, പലേടത്ത്, പല കമ്പോളങ്ങളില്‍ നിരീക്ഷിച്ച് എത്തിച്ചേര്‍ന്ന നിഗമനമാണിത്. 2010 ലെ ബ്രിട്ടീഷ് ഓഹരിവിപണി അങ്ങനെയൊന്നായിരുന്നു. 2009 ലെ മികച്ച പ്രകടനക്കാരായ 10 ഓഹരികളും ഗണ്യമായ നേട്ടമുണ്ടാക്കി. മറിച്ചു 2009 ലെ മോശം ഓഹരികള്‍ പിറ്റേ വര്‍ഷവും മോശമായി തുടര്‍ന്നു.
ഒരു വര്‍ഷത്തെ കാര്യം വച്ച് നിഗമനത്തിലെത്തുന്നതില്‍ കാര്യമില്ല. ലണ്ടന്‍ ബിസിനസ് സ്‌കൂളിലെ മൂന്നു ഗവേഷകര്‍ 110 വര്‍ഷത്തെ കമ്പോളം പരിശോധിച്ചു. എല്‍റോയ്, ഡിംസണ്‍, പോള്‍ മാര്‍ഷ്, മൈക്ക് സ്റ്റൗണ്‍ടണ്‍ എന്നിവരാണ് ഗവേഷകര്‍. ബ്രിട്ടീഷ് വിപണിയിലെ 100 പ്രമുഖ ഓഹരികളായിരുന്നു പഠനവിഷയം. തലേ പന്ത്രണ്ടുമാസം ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച 20 ഓഹരികള്‍ വീതം വാങ്ങിയാല്‍ ഉള്ള നേട്ടം അവര്‍ കണക്കാക്കി. ഓരോ മാസവും പോര്‍ട്ട്‌ഫോളിയോ അഴിച്ചു പണിയും. തലേ 12 മാസത്തെ മോശം പ്രകടനക്കാരെ വാങ്ങുന്നതിലെ നേട്ടവും അവര്‍ നോക്കി.
ഉത്തരം: തലേ 12 മാസത്തെ മികച്ചവരെ വാങ്ങിയാല്‍ 10.3 ശതമാനം വാര്‍ഷികനിരക്കില്‍ അധികനേട്ടം.
ഇതു തുകയില്‍ എത്ര വരുമെന്നു നോക്കുക.
1900 ല്‍ ഒരു പൗണ്ട് ഇപ്രകാരം നിക്ഷേപിച്ചാല്‍ 2009 ല്‍ ഇത് 23 ലക്ഷം പൗണ്ടാകും.
മറിച്ച് തലേ 12 മാസം മോശമായ പ്രകടനം നടത്തി വില താഴ്ന്നു നിന്നവ വാങ്ങിയാല്‍ കിട്ടുന്ന തുക 110 വര്‍ഷം കൊണ്ട് 49 പൗണ്ട് മാത്രം.
മൂന്നു ഗവേഷകരും ബ്രിട്ടീഷ് വിപണി കൊണ്ട് നിറുത്തിയില്ല. മറ്റു 19 കമ്പോളങ്ങള്‍ പരിശോധിച്ചു. പതിനെട്ടിലും മൊമന്റം ഇഫക്ട് കണ്ടു.
എക്യു ആര്‍ കാപ്പിറ്റല്‍ മാനേജ്‌മെന്റ് എന്ന ഹെഡ്ജ് ഫണ്ട് അമേരിക്കന്‍ വിപണിയില്‍ 1927 നും 2010 നും ഇടയില്‍ ഈ മൊമന്റം ഇഫക്ട് തേടി. മികച്ച പ്രകടനം നടത്തി ഓഹരികളിലെ നിക്ഷേപം മോശം ഓഹരികളിലെ നിക്ഷേപത്തേക്കാള്‍ 10 ശതമാനം അധികം നേട്ടം നല്‍കി എന്നാണ് അവരുടെയും കണ്ടെത്തല്‍. 1927 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളാണ് അവര്‍ പഠിച്ചത്.
ബല്‍ജിയംകാരന്‍ വെര്‍ണര്‍ ഡി ബോണ്‍ടും (ഇപ്പോള്‍ ഷിക്കാഗോയിലെ ഡിപോള്‍ യൂണിവേഴ്‌സിറ്റി അധ്യാപകര്‍) അമേരിക്കക്കാരന്‍ റോബര്‍ട്ട് തേലറും (ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയുടെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ അധ്യാപകന്‍) 1985 ലാണ് മൊമന്റം ഇഫക്ട് ആദ്യമായിനിരീക്ഷിച്ചത്. ഇതിനെ എഫിഷ്യന്റ് മാര്‍ക്കറ്റ് (കാര്യക്ഷമമായ കമ്പോളം) സിദ്ധാന്തക്കാര്‍ ആദ്യം തള്ളിപ്പറയുകയാണ് ചെയ്തത്. മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും എല്ലാ വിവരങ്ങളും അറിഞ്ഞ് പ്രവര്‍ത്തിക്കുന്നു എന്നാണ് എഫിഷ്യന്റ് മാര്‍ക്കറ്റ് സിദ്ധാന്തക്കാര്‍ പറയുന്നത്. അതിനാല്‍ ഒരു സമയത്തെ വില ആ ഓഹരിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍ച്ചേര്‍ന്നുള്ളതാണ് എന്ന് അവര്‍ പറയുന്നു.
അവരുടെ സിദ്ധാന്തം ശരിയാണെങ്കില്‍ ഒരു ഓഹരി ഉയര്‍ന്നു തുടങ്ങുമ്പോള്‍തന്നെ നിക്ഷേപകര്‍ അതു വാങ്ങിക്കൂട്ടും. 12 മാസമാകുമ്പോഴേക്ക് വേറെ ലാഭത്തിനു പഴുതില്ലാത്ത നിലയാകും. എന്നാല്‍ അനുഭവം മറിച്ചാണെന്ന് മുകളില്‍ പറഞ്ഞ പഠനങ്ങള്‍ തെളിയിക്കുന്നു.
എന്തുകൊണ്ട്?
പല വ്യാഖ്യാനങ്ങള്‍ ഉണ്ട്.
ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപകര്‍ക്ക് ആനുകാലിക റിപ്പോര്‍ട്ട് നല്‍കുമല്ലോ. അപ്പോള്‍ വില കൂടുന്ന ഓഹരികള്‍ തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ഉണ്ടെന്നു കാണിക്കണം. വില കുറയുന്നവ കൈയൊഴികയും വേണം. ഇങ്ങനെ ചെയ്യുമ്പോള്‍ കുറേക്കാലമായി വില കൂടി വന്നവയ്ക്കു ഡിമാന്‍ഡ് കൂടും, അവയുടെ വിലയും കൂടും. ഇതാണ് ഒരു വ്യാഖ്യാനം.
കമ്പോളത്തിലെ ശരാശരിയേക്കാള്‍ മികച്ച ആദായം നല്‍കുന്ന ഫണ്ട് മാനേജരെയാണ് നിക്ഷേപകര്‍ സമീപിക്കുക. സമീപമാസങ്ങളില്‍ നേട്ടം കാണിച്ച മാനേജര്‍ അക്കാലയളവില്‍ ജനപ്രിയം നേടിയ ഓഹരികളെയാണ് ആശ്രയിക്കുക. അപ്പോള്‍ അവയുടെ വില വീണ്ടും കൂടും.
ഈ വ്യാഖ്യാനങ്ങള്‍ എന്തായാലും ഒന്നു തീര്‍ച്ച. മാര്‍ക്കറ്റുകള്‍ യുക്തിസഹമായി പ്രവര്‍ത്തിക്കുന്നു എന്ന വിശ്വാസക്കാര്‍ക്ക് ഇതു തിരിച്ചടിയാണ്. ഒപ്പം മുന്‍കാല വിലനിലവാരം ഭാവിക്കു സൂചനയല്ല എന്ന പ്രമാണവും മാറിപ്പോകുന്നു.
ഓഹരികമ്പോളത്തില്‍ മാത്രമല്ല ഇതു ദൃശ്യമാകുന്നത്. ഉത്പന്ന, വിദേശനാണയ വിപണികളിലും ഇതു പ്രായോഗികമാണ്.
മൊമന്റം ഇഫക്ട് മറ്റൊരു കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. കമ്പോളങ്ങളില്‍ കുമിളകള്‍ (Bubbles) ഉണ്ടാകുന്നതിലേക്ക്. വില കൂടുന്നു എന്നതിന്റെ പേരില്‍ ആ ഓഹരിയോ ഉത്പന്നമോ വാങ്ങിക്കൂട്ടാന്‍ ആള്‍ക്കാര്‍ മുന്നോട്ടു വരുന്നു.
അതുകൊണ്ടാണ് പല വില വര്‍ധനകളും ന്യായമായ തലം വിട്ടിട്ട് മേലോട്ടു കയറുന്നത്. അതേപോലെ വില ഇടിയുമ്പോള്‍ വേണ്ടതിലുമേറെ ഇടിയുകയും ചെയ്യുന്നു. പച്ചക്കറി - പഴം കമ്പോളങ്ങളില്‍ ഇതു നിത്യസംഭവമാണ്. 10 ശതമാനം ഉത്പാദനക്കുറവുണ്ടായാല്‍ വില 50 ശതമാനം കൂടുന്നു. അഞ്ചുശതമാനം അധിക ഉത്പാദനമുണ്ടായാല്‍ വില കുത്തനെ ഇടിയുന്നു. പച്ചക്കറിയില്‍ ഹ്രസ്വകാലയളവില്‍ സംഭവിക്കുന്നത് ഓഹരി കമ്പോളത്തില്‍ കുറേക്കൂടി നീണ്ട കാലയളവില്‍ സംഭവിക്കുന്നു എന്നു മാത്രം.
ജേതാവിന്റെ കൂടെ നില്‍ക്കുന്നത് പൊതുവേ നേട്ടമാകുമെന്ന് മൊമന്റം ഇഫക്ടുകള്‍ പറയുമ്പോള്‍ ഒരു ഉപാധിയുണ്ട്. 12 മാസം ഉയര്‍ന്നവയുടെ കാര്യമേ തങ്ങളുടെ സിദ്ധാന്തത്തില്‍ ഉള്ളുവെന്ന്. നാലഞ്ചുകൊല്ലം ഉയര്‍ന്നവയുടെ കാര്യത്തില്‍ ഈ മൊമന്റം ഇഫക്ട് നോക്കേണ്ടതില്ല.
No comments:
Post a Comment