സ്വര്‍ണ ഇടിഎഫുകള്‍ എന്നാല്‍
സ്വര്‍ണത്തില്‍ നിക്ഷേപമിറക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഗോള്‍ഡ് ഇടിഎഫുകള്‍. എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് ഇവ വ്യാപാരം നടത്തുന്നത് എന്നതിനാല്‍ ഇവ വിറ്റ് പണമാക്കാന്‍ എളുപ്പമാണ്. സാധാരണ ഗോള്‍ഡ് ഇടിഎഫിന്റെ 90 ശതമാനത്തിലധികം നിക്ഷേപം പരിശുദ്ധമായ സ്വര്‍ണത്തിലായിരിക്കും. പരമാവധി പത്ത് ശതമാനമായിരിക്കും കടപത്രങ്ങളിലും മറ്റും നിക്ഷേപിക്കുക. അതുകൊണ്ട് ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നതിലൂടെ സ്വര്‍ണത്തിന്റെ വിപണിയിലെ വില അനുസരിച്ചുള്ള റിട്ടേണ്‍ നിക്ഷേപകനു ലഭിക്കുമെന്നതില്‍ സംശയം വേണ്ട.
ഗോള്‍ഡ് ഇടിഎഫ് നിക്ഷേപത്തിന് വേണ്ടതെന്തൊക്കെ?
ഓഹരികളില്‍ വ്യാപാരം ചെയ്യാന്‍ എന്നത് പോലെ സ്വര്‍ണ ഇടിഎഫ് നിക്ഷേപങ്ങള്‍ക്കും ഡിപോസിറ്ററി അക്കൗണ്ടും (ഡീമാറ്റ് അക്കൗണ്ട്) ട്രേഡിങ് അക്കൗണ്ടും തുടങ്ങുകയാണ് ആദ്യം വേണ്ടത്. ഇതിനായി നിക്ഷേപകന് രജിസ്റ്റര്‍ ചെയ്ത ബ്രോക്കിങ് ഏജന്‍സികളെ സമീപിക്കാം.
ഇടിഎഫുകള്‍ എവിടെ നിന്ന്, എങ്ങനെ വാങ്ങാം?
ഇന്ത്യയിലെ എല്ലാ ഗോള്‍ഡ് ഇ.ടി.എഫുകളും എന്‍.എസ്.ഇ(നാഷണല്‍ സ്‌റ്റോക്ക്് എക്‌സ്‌ചേഞ്ച്)യിലും ബി.എസ്.ഇ(ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ച്)യിലുമാണ് വ്യാപാരം നടത്തുന്നത്. ഓഹരി നിക്ഷേപകര്‍ക്ക് നിലവിലെ ബ്രോക്കിങ് ഏജന്‍സി വഴി വ്യാപാരം നടത്താവുന്നതാണ്. ആക്‌സിസ്, ബെഞ്ച്മാര്‍ക്ക്, എച്ച്.ഡി.എഫ്.സി, ക്വോണ്ടം, റിലയന്‍സ്, റെലിഗെയര്‍, എസ്.ബി.ഐ, യു.ടി.ഐ, ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍, കോട്ടക്ക് എന്നീ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഗോള്‍ഡ് ഇടിഎഫ് അവതരിപ്പിച്ചിട്ടുണ്ട്.
നിക്ഷേപ പരിധി?
സ്വര്‍ണ ഇ.ടി.എഫുകളുടെ ഒരു യൂണിറ്റ് എന്നത് അര്‍ഥമാക്കുന്നത് ഒരു ഗ്രാം സ്വര്‍ണമെന്നാണ്. നിക്ഷേപകന് നിക്ഷേപിക്കാവുന്ന കുറഞ്ഞ അളവും ഇതുതന്നെ. എന്നാല്‍ മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി ക്വോണ്ടം ഫണ്ട് ഹൗസില്‍ അര ഗ്രാം സ്വര്‍ണത്തിലുള്ള നിക്ഷേപം അനുവദിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ സ്വര്‍ണത്തിന്റെ വില അനുസരിച്ചുള്ള തുകയായിരിക്കും നിക്ഷേപത്തിന് നല്‍കേണ്ടി വരിക. സ്വര്‍ണ ഇ.ടി.എഫുകളില്‍ നിന്നും ലഭിക്കുന്ന ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടതുണ്ടെന്നും ഓര്‍ക്കണം.
സ്വര്‍ണവും സ്വര്‍ണഇടിഎഫുകളും തമ്മിലെന്ത് വ്യത്യാസം?
ഇടിഎഫുകള്‍ സ്വര്‍ണത്തിലാണ് നിക്ഷേപിക്കുന്നതെങ്കിലും നിക്ഷേപകന്‍ നേരിട്ട് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതും ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നതും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ വിലയില്‍ വ്യത്യാസമുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇ.ടി.എഫ് യൂണിറ്റുകള്‍ക്ക് രാജ്യാന്തര വിപണിയിലെ വിലക്കനുസരിച്ചുള്ള തുക നല്‍കിയാല്‍ മതി. ജ്വല്ലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് പണിക്കൂലിയും അധികം നല്‍കേണ്ടി വരും.
ജ്വല്ലറികളില്‍ നിന്ന് വാങ്ങിയ സ്വര്‍ണം കൈയ്യില്‍ സൂക്ഷിക്കുന്നതിന്റെ റിസ്‌ക്ക് നിക്ഷേപകന്റെ മാത്രമാണ്. അതേസമയം, ഇ.ടി.എഫുകളിലാണെങ്കില്‍ ഈ ആശങ്ക വേണ്ട. ഇലക്ട്രോണിക്ക് മാതൃകയിലായതിനാല്‍ നിക്ഷേപം സുരക്ഷിതമായിരിക്കും. ജ്വല്ലറികളില്‍ നിന്ന് വാങ്ങിയ സ്വര്‍ണം പിന്നീട് വില്‍ക്കുമ്പോള്‍ വാങ്ങിയ വിലയോ വിപണിയിലെ നിലവിലെ വിലയോ ലഭിക്കണമെന്നില്ല. അതേസമയം, ഇ.ടി.എഫ് യൂണിറ്റുകള്‍ സുതാര്യമായ വിലയ്ക്ക് വീണ്ടും വില്‍ക്കാനും കഴിയും.
നേട്ടം എത്രത്തോളം?
സ്വര്‍ണ വില ഉയരുന്നതിന് അനുസരിച്ച് ഗോള്‍ഡ് ഇടിഎഫിലെ റിട്ടേണും വര്‍ധിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏതാണ്ട് 25 ശതമാനം വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്. വില ഇനിയും ഉയരുമെന്നു തന്നെയാണ് നിക്ഷേപ വിദഗ്ധര്‍ നല്‍കുന്ന സൂചന. എന്നാല്‍, വില കുറഞ്ഞാല്‍ നഷ്ടം സംഭവിക്കാം.
No comments:
Post a Comment