നിക്ഷേപത്തിന് മുമ്പ് നഷ്ടസാധ്യതയെക്കുറിച്ച് മനസ്സിലാക്കുക
'പ്രായം നാല്പതിനോടടുത്തു. ഇനി റിസ്‌ക് എടുക്കാനൊന്നും വയ്യ. ആയ കാലത്ത് ജോലിയിലും ഇന്‍വെസ്റ്റ്‌മെന്റിലും വേണ്ടുവോളം റിസ്‌ക്കെടുത്തിട്ടുണ്ട്. ഇപ്പോ മാനസികമായി റിസ്‌കിനോടുള്ള താത്പര്യം കുറഞ്ഞുവരികയാണ്. ഒരുസമയത്ത് എന്റെ നിക്ഷേപത്തിന്റെ 80 ശതമാനത്തോളം ഓഹരിയിലായിരുന്നു. ഇപ്പോ അത് അമ്പത് ശതമാനമായി ചുരുക്കി'' പറയുന്നത് ഐഡിബിഐ ബാങ്കിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രാജേഷ് വേണുഗോപാല്‍.
ഒട്ടേറെ കേട്ടിട്ടുണ്ടെങ്കിലും റിസ്‌ക് എന്നാല്‍ എന്താണെന്ന് കൃത്യമായി ആലോചിച്ചിട്ടുണ്ടോ? സാമ്പത്തിക ആസൂത്രണത്തിന് മുതിരുന്നൊരാള്‍ കൃത്യമായും മനസിലാക്കേണ്ട വസ്തുത തന്നെയാണിത്.
റിസ്‌ക് പ്രധാനമായും രണ്ടു തരത്തിലുണ്ട്. ഒരുപക്ഷെ നഷ്ടമുണ്ടാകാനുള്ള സാധ്യത -അല്ലെങ്കില്‍ നഷ്ടമുണ്ടാകാതിരിക്കാനുള്ള സാധ്യത. നിങ്ങള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ Comprehensive Insurance Policy എടുക്കാറില്ലേ? എന്തിനാണത്? എന്തെങ്കിലും അപകടം മൂലമോ മറ്റോ കാറിന് കേടുപാടുകള്‍ സംഭവിയ്ക്കാം. അല്ലെങ്കില്‍ മോഷണമോ മറ്റോ മൂലം കാര്‍ തന്നെ നഷ്ടമായെന്നു വരാം. ഇത്തരം നഷ്ടം വരികയാണെങ്കില്‍ അത് നികത്താനുതകുന്ന പരിചയമാണ് Comprehensive Insurance Policy. ഇവിടെ രണ്ട് സാധ്യതകളേയുള്ളൂ. ഒന്നാമത്തേത് നഷ്ടം വരാനുള്ള സാധ്യത -മറ്റേത് അങ്ങനെ സംഭവിക്കാതിരിക്കാനുള്ള സാധ്യത - ഇത്തരം റിസ്‌ക് PURE RISK എന്ന പേരില്‍ അറിയപ്പെടുന്നു.
ഇനി മറ്റൊരു തരം റിസ്‌കുണ്ട്. സ്‌പെക്യുലേറ്റീവ് റിസ്‌ക് (Speculative Risk) എന്നറിയപ്പെടുന്ന ഈ റിസ്‌ക് എന്താണെന്നു നോക്കാം. ഇവിടെ 3 തരം സാധ്യതകളാണുള്ളത്. ഒന്ന് നഷ്ടം ഉണ്ടാകാനുള്ള സാധ്യത; രണ്ട് നഷ്ടമോ ലാഭമോ ഇല്ലാത്ത അവസ്ഥ, മൂന്ന് ലാഭം ഉണ്ടാകാനുള്ള സാധ്യത. ഓഹരി വിപണിയുടെ മാസ്മരികതയില്‍ ആകൃഷ്ടനായി ഒരാള്‍ വിപണിയില്‍ നിന്ന് 100 രൂപാ മുടക്കി ഏതെങ്കിലും ഒരു ഓഹരി വാങ്ങുന്നുവെന്നു കരുതുക. ഇവിടെ സാധ്യതകള്‍ മൂന്നാണ്. വിപണി മൊത്തത്തിലോ, ഈ ഓഹരി ഒറ്റയേ്ക്കാ താഴേക്കു പോകുന്ന പക്ഷം വിപണിയില്‍ ഇതിന്റെ വിലയിടിയാം. ഇവിടെ നിക്ഷേപകന് നഷ്ടമുണ്ടാകുന്നു. വിപണിയോ, ഈ കൗണ്ടര്‍ തന്നെയോ കുതിയ്ക്കുന്നത് മൂലം ഉണ്ടാകുന്ന വിലക്കയറ്റം. ഇത് നിക്ഷേപകനെ ലാഭത്തിന്റെ പാതയിലെത്തിയ്ക്കുന്നു. ഇനി മൂന്നാമത്തെ സാധ്യത. ഓഹരിയുടെ വിലയ്ക്ക് മാറ്റമുണ്ടാകാതിരിയ്ക്കുന്ന അവസ്ഥ. ഇവിടെ നിക്ഷേപകന് ലാഭമോ നഷ്ടമോ ഉണ്ടാകുന്നില്ല. ഇതാണ് SPECULATIVE RISK.
ഒരു നിക്ഷേപം പരിഗണിയ്ക്കുമ്പോള്‍ സാധാരണഗതിയില്‍ SPECULATIVE RISK ആണ് കണക്കിലെടുക്കുക. പ്രതീക്ഷിയ്ക്കുന്ന വരുമാനത്തില്‍ (Expected Return) ഉള്ള വ്യതിയാനം (Variation) ആണ് ഇത്. പ്രതീക്ഷിത വരുമാനത്തിന്റെ വ്യതിയാനം വളരെ കുറഞ്ഞിരുന്നാല്‍ ആ ഇന്‍വെസ്റ്റ്‌മെന്റ് റിസ്‌ക് കുറഞ്ഞതാണെന്നു കാണാം. ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് നോക്കാം. 7% നിരക്കില്‍ ഒരു വര്‍ഷത്തേക്കുള്ള ബാങ്ക് ഡെപ്പോസിറ്റില്‍ താരതമ്യേന റിസ്‌ക് കുറവാണെന്നു കാണാം. കാരണം ഈ ഒരു നിക്ഷേപത്തില്‍ നിന്നുള്ള പ്രതീക്ഷിത വരുമാനം 7% മാത്രമാണ്. അതാകട്ടെ വ്യതിയാനമില്ലാതെ ലഭിക്കുകയും ചെയ്യും.
ഇതേ പണം ഒരു മ്യൂച്വല്‍ ഫണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കിലോ? കഴിഞ്ഞ 5 വര്‍ഷത്തെ ഈ മ്യൂച്വല്‍ ഫണ്ടിന്റെ ട്രാക്ക് റെക്കോഡ് ഇങ്ങനെ: ഒന്നാം വര്‍ഷം 15% റിട്ടേണ്‍. രണ്ടാം വര്‍ഷം 13%. മൂന്നാം വര്‍ഷം 1%. നാലാം വര്‍ഷം 40% അഞ്ചാം വര്‍ഷം (-10%). ചുരുക്കത്തില്‍ ഈ നിക്ഷേപത്തില്‍ നിന്നുള്ള വരുമാന സാധ്യത -10% മുതല്‍ 40% വരെ ആണ്. അതായത് ഒരു വശത്ത് 40% വളര്‍ച്ചാ സാധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ മറുവശത്ത് മുതല്‍ പോലും തിരികെ ലഭിക്കാതിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവുന്നില്ല. അതായത് ഇവിടെ പ്രതീക്ഷിയാവുന്ന ലാഭത്തിന്റെ വ്യതിയാനം (Variation) വളരെ കൂടുതല്‍ ആണ്. ഇത്തരത്തിലുള്ള നിക്ഷേപത്തിന്റെ അപകട സാധ്യത (Risk) ആദ്യത്തേതിനെ അപേക്ഷിച്ച് ഉയര്‍ന്നതാണ്. ഒപ്പം ഒരു കാര്യം ഓര്‍മ്മിക്കുക.സ്ഥിതിഗതികള്‍ അനുകൂലമെങ്കില്‍ ഉയര്‍ന്ന ലാഭസാധ്യതയും ഈ നിക്ഷേപത്തിനുണ്ട്.
ചിലര്‍ക്ക് റിസ്‌ക് എടുക്കുക ഒരു ഹരമാണ്. ഉയര്‍ന്ന വരുമാന സാധ്യതയില്‍ ത്രില്ലടിക്കുന്ന ഇവര്‍ അപകട സാധ്യത അവഗണിക്കുന്നു. ചെറുപ്പക്കാരിലാണ് ഈ ത്വര കൂടുതല്‍. പ്രായം കൂടി വരുന്നതിനാല്‍ റിസ്‌ക് എടുക്കാനുള്ള താത്പര്യം നേരത്തേത് പോലെയില്ല എന്ന രാജേഷ് വേണുഗോപാലിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. സാധാരണയായി പ്രായം ഏറുന്നതിനനുസരിച്ച് റിസ്‌കിനോടുള്ള ആഭിമുഖ്യവും കുറഞ്ഞുവരും. ഇതിന് അപവാദം ഇല്ലാതില്ല.
അത്രയധികം ഉയര്‍ന്ന വരുമാനം കിട്ടിയില്ലെങ്കിലും വേണ്ട, റിസ്‌ക് കുറഞ്ഞിരിയ്ക്കട്ടെ എന്ന ചിന്താഗതിക്കാര്‍ കുറവല്ല. റിസ്‌ക് കുറയ്ക്കുന്നതിനോടുള്ള നിക്ഷേപകരുടെ/സാധാരണ ജനങ്ങളുടെ അഭിനിവേശം തന്നെയാണ് ഇന്‍ഷുറന്‍സ് മേഖല, വികസിത-വികസ്വര രാജ്യ ഭേദമെന്യെ തഴച്ചു വളരാന്‍ കാരണവും.
Tags: Manoj Thomas, Risk in investments
No comments:
Post a Comment