മൂല്യമാര്‍ന്ന ഓഹരികളില്‍ നിക്ഷേപിക്കുക
ഏതാനും മാസങ്ങളായി സെന്‍സെക്സ് 16,000 പോയിന്റിനും 18,000 നുമിടയില്‍ കയറ്റിറക്കം നടത്തുകയാണ്. കാര്യമായ ലാഭമുണ്ടാക്കാനാവാത്ത സാഹചര്യത്തില്‍ ചെറുകിട നിക്ഷേപകര്‍ ഓഹരിവിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ ഓഹരിനിക്ഷേപകര്‍ അനുവര്‍ത്തിക്കേണ്ട തന്ത്രങ്ങള്‍ എന്താണ്? പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് രംഗത്തെ വിദഗ്ദ്ധനും കൊച്ചിയിലെ ഇക്യുറ്റി ഇന്റലിജന്‍സ് ചീഫ് എക്സിക്യൂട്ടീവുമായ പൊറിഞ്ചു വെളിയത്ത്, വാല്യു ഇന്‍വെസ്റ്റിങ്ങിന്റെ പ്രാധാന്യം വിശദീകരിക്കുന്നു.
അടുത്ത 10 വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച സാമ്പത്തിക പുരോഗതിയാണ് ഇന്ത്യ കൈവരിക്കാനിരിക്കുന്നത്. ഈ ശക്തമായ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ സമ്പത്ത് ആര്‍ജിക്കാന്‍ ഇക്കാലയളവില്‍ ഓഹരി നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത്? സെന്‍സെക്സ് നാളെയോ അടുത്താഴ്ചയോ എത്ര പോയിന്റിലായിരിക്കുമെന്ന് പ്രവചിക്കാന്‍ സമയം മെനക്കെടുത്താതെ മൂല്യവത്തായ ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനപരമായ കരുത്തും വെല്ലുവിളികളും മനസ്സിലാക്കി നിക്ഷേപകര്‍ ദീര്‍ഘകാല കാഴ്ചപ്പാടോടെയുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്.
ഒരു ലക്ഷം ഡോളര്‍ വലിപ്പമുള്ള ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അടുത്ത അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ ഇരട്ടി വലിപ്പമാര്ജിക്കുമെന്നത് വെറും നിഗമനമല്ല. നാം അടുത്തകാലത്ത് കൈവരിച്ച സാമ്പത്തിക വളര്‍ച്ച ഈ സാധ്യതയെ പിന്തുണക്കുന്നുണ്ട്. ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ബലമാണെന്ന് നമുക്കെല്ലാം അറിയാം. ഭാഗ്യവശാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ആഗോള സമ്പദ് വ്യവസ്ഥയുമായുള്ള ബന്ധം പരിമിതമാണ്. ചൈന പോലുള്ള സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന റിസ്ക് എന്തായാലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം മാസങ്ങള്‍ക്കുള്ളിലാണ് സെന്‍സെക്സ് 18,000 ത്തില്‍ തിരിച്ചെത്തിയത്. അതിന് 16,000 ത്തില്‍ ദീര്‍ഘകാല സപ്പോര്‍ട്ട് ഉണ്ടുതാനും. മറ്റു വിപണികളേക്കാളും മുന്നേറിയ ഇന്ത്യന്‍ വിപണി അതിന്റെ കരുത്ത് കാട്ടുകയായിരുന്നു. ഏതാണ്ട് ഇപ്പോഴത്തെ നിലവാരത്തില്‍ വിപണി കുറച്ചുകാലം നിലയുറപ്പിക്കും. ഒാഹരിവിപണിയില്‍ ഊഹക്കച്ചവടത്തിനാണ് ഇപ്പോള്‍ പലര്‍ക്കും താല്പര്യം; പ്രത്യേകിച്ചും ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് മേഖലയില്‍. ചെറുകിട നിക്ഷേപകര്‍പോലും ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തില്‍ പണം അമ്മാനമാടുന്നു. ഭൂരിപക്ഷം പേരും ജീവിതസമ്പാദ്യം നഷ്ടപ്പെടുത്തി പിന്നീട് പശ്ചാത്തപിക്കുന്നു. പല രാജ്യങ്ങളിലും അവധിവ്യാപാരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതാണിപ്പോള്‍ മുഖ്യബിസിനസ്സ്. അതാകട്ടെ അനാരോഗ്യകരമായ ഒരു സംസ്കാരം ഇവിടെ സൃഷ്ടിച്ചിരിക്കുന്നു. ദശലക്ഷക്കണക്കിന് നിക്ഷേപകരുടെ ചൂതാട്ടം കുടുംബങ്ങളില്‍ അസ്ഥിരത വിതയ്ക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയിലേക്ക് വിദേശനിക്ഷേപക സ്ഥാപനങ്ങളെ ആകര്‍ഷിക്കാനും വ്യാപാരവ്യാപ്തം കൂട്ടാനും ഇതു സഹായിക്കുമെന്നതാണ് ബ്രോക്കര്‍മാരുടെ നിലപാട്. അതിരു കടന്ന ഊഹക്കച്ചവടം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനോ വ്യക്തികള്‍ക്ക് പണമുണ്ടാക്കാനോ സഹായകമല്ലെന്നതാണ് സത്യം. ചതുരംഗത്തില്‍ വന്‍തോക്കുകള്‍ പണമുണ്ടാക്കുന്നു; ചെറുകിട നിക്ഷേപകര്‍ പാപ്പരാകുന്നു.
നിക്ഷേപം വളരും കമ്പനിക്കൊപ്പം
ഇതിനൊരു പരിഹാരം വ്യാലു ഇന്‍വെസ്റ്റിങ് അഥവാ മൂല്യമാര്‍ന്ന ഓഹരികളില്‍ നിക്ഷേപിക്കുകയാണ്. സുസ്ഥിരമായതും ന്യായവുമായ വരുമാനം നേടാന്‍ ഇതു സഹായിക്കും. നിലവിലുള്ള ആഗോള സാഹചര്യം പരിഗണിക്കുമ്പോള്‍ ഇന്ത്യയാണ് വ്യാല്യു ഇന്വെസ്റ്റിങ്ങിന് പറ്റിയ രാജ്യം. ലോകജനസംഖ്യയുടെ 18 ശതമാനവും ആഗോളമൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) ഏതാണ്ട് 3 ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യയ്ക്ക് വളരാന്‍ പറ്റിയ സാഹചര്യമാണിപ്പോള്‍. ജിഡിപി രണ്ടക്കവളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കും. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയേക്കാള് വളര്‍ച്ച രേഖപ്പെടുത്തുന്ന നൂറുകണക്കിന് കമ്പനികള്‍ ഉണ്ടാവും നടപ്പു ദശാബ്ദത്തില്‍. ഓഹരിയുടമകള്‍ക്ക് വന്‍നേട്ടം പകരാന്‍ ഈ സംരംഭങ്ങള്‍ക്കാവും.
സത്യസന്ധതയും ഉയര്‍ന്ന കാഴ്ചപ്പാടുമുള്ള മാനേജ്മെന്റ് നേതൃത്വം നല്കുന്ന, തിരഞ്ഞെടുത്ത ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിലൂടെ ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കും. നമ്മുടെ പല മുന്‍നിര ഓഹരികളും 16 പി/ഇയില്‍ വ്യാപാരം ചെയ്യുമ്പോള്‍ പല മികച്ച മധ്യനിര ഓഹരികളുടെയും പി/ഇ ഒറ്റയക്കത്തിലാണ്. ഇപ്പോഴത്തെ നിലയില്‍ വിപണിയില്‍ ഉണ്ടാകുന്ന ഏതൊരു ഗണ്യമായ തിരുത്തലും നിക്ഷേപാവസരങ്ങളായി പ്രയോജനപ്പെടുത്താവുന്നതാണ്.
മാനേജ്മെന്റിന്റെ നിലപാട്
അനാരോഗ്യ പ്രവണതകള്‍ നിലനില്‍ക്കുന്നതിനാല്‍ പബ്ലിക് ഇഷ്യൂവിലൂടെയായാലും ദ്വിതീയ വിപണിയിലൂടെയായാലും ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ മാനേജ്മെന്റിന്റെ നിലപാടും പ്രവര്‍ത്തനങ്ങളും വളരെ പ്രധാനമാണ്. കമ്പനി കൈമാറലും ലയനവും വേര്‍പെടുത്ത ലുമെല്ലാം നിക്ഷേപത്തിന്റെ മൂല്യത്തെ ബാധിക്കും.
എന്റര്‍ടെയിന്‍മെന്റ് നെറ്റ്വര്‍ക്ക് (ഇഎന്‍ഐഎല്‍) പിതൃസ്ഥാപനമായ ബെന്നറ്റ് കോള്മാന് ഒഒഎച്ച് ബിസിനസ് (ടൈംസ് ഇന്നോവേറ്റീവ് മീഡിയ) കൈമാറാന്‍ തീരുമാനിച്ചത് 118 കോടി രൂപയ്ക്കാണ്. നേരത്തെ ഫണ്ട് സമാഹരണത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ഒഒഎച്ച് ബിസിനസിന്റെ മൂല്യം 1000 കോടി രൂപക്ക് മുകളിലായിരുന്നു. ശക്തമായ വളര്‍ച്ചയ്ക്ക് സാധ്യത തുറക്കുന്ന ബിസിനസ് ഭാവിയെക്കുറിച്ചുള്ള സൂചനകളാണ് അടുത്തിടെ മാനേജ്മെന്റ് നല്‍കിയിരുന്നത്. എന്നാല്‍ ഇടപാട് സംബന്ധിച്ച പ്രഖ്യാപനം വന്നശേഷം ഇഎന്ഐഎല്ലിന്റെ ഓഹരി വിലയില്‍ 16 ശതമാനം ഇടിവാണുണ്ടായത്.
ഏതാനും ദിവസംമുമ്പ് ഓഹരി നിക്ഷേപകര്‍ക്ക് അനുകൂലമല്ലാത്ത നടപടിയെ തുടര്‍ന്ന് ടിവി-18 ഓഹരി വില 15 ശതമാനം താഴ്ന്നു. ഐബിഎന്‍ 18-മായുള്ള ലയനത്തിനായി യുക്തിസഹമല്ലാത്ത വിധം ടിവി 18 ആസ്തികളുടെ മൂല്യനിര്‍ണയം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ടിവി 18 ഓഹരികള്‍ കൈവശം വെയ്ക്കുന്നവരുടെ ചെലവിലാണ് പ്രൊമോട്ടര്‍ക്ക് അനുകൂലമായ ഇടപാട് നടന്നത്.
ഓഹരി ശുപാര്‍ശകള്‍
ടിവി-18 (82 രൂപ), യുടിവി (410 രൂപ) തുടങ്ങിയ തിരഞ്ഞെടുത്ത മീഡിയാ ഓഹരികളുടെ കാര്യത്തില്‍ ഞാന്‍ 'ബുള്ളിഷ്' ആണ്. നിക്ഷേപഘട്ടം പൂര്‍ത്തിയാക്കിയ ഈ മാധ്യമ ഗ്രൂപ്പുകള്‍ പുതിയ ദശകത്തില്‍ ലാഭക്ഷമമാകും. ഇന്ത്യയിലെ മീഡിയാ-എന്റര്‍ടെയിന്‍മെന്റ് രംഗത്ത് അടുത്ത അഞ്ചുവര്‍ഷക്കാലയളവില്‍ 13 ശതമാനം വാര്‍ഷിക വളര്‍ച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (1130 രൂപ), ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് (655 രൂപ) എന്നിവ അടിസ്ഥാന സൗകര്യമേഖലയില്‍ നിന്നും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓഹരികളാണ്. മധ്യകാലാടിസ്ഥാനത്തില്‍ ഉയര്‍ച്ചയ്ക്ക് സാധ്യതയുള്ള ടാറ്റാ ടീ (115 രൂപ) ആണ് ഞാന്‍ ശുപാര്‍ശ ചെയ്യുന്ന മറ്റൊരു ഓഹരി. മികച്ച ബാലന്‍സ്ഷീറ്റ് , സത്യസന്ധതയുള്ള മാനേജ്മെന്റ്, ആഗോള വിപണി മുന്‍നിര്‍ത്തിയുള്ള ലക്ഷ്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇപ്പോഴത്തെ വിപണിമൂല്യമായ 7000 കോടി രൂപയില്‍ ഈ ഓഹരിയെ ആകര്‍ഷകമാക്കുന്നു.
ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ 70 ശതമാനവും ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്റെ 23 ശതമാനവും ഹോള്‍ഡ് ചെയ്യുന്ന ഗോദ്റെജ് ഇന്‍ഡസ്ട്രീസ് (177 രൂപ) മറ്റൊരു മികച്ച ഓഹരിയാണ്. ഗോദ്റെജ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യമായ 5,600 കോടി രൂപയേക്കാളേറെവരും ഗോദ്റെജ് ഇന്‍ഡസ്ട്രീസിന് ഈ രണ്ട് കമ്പനികളിലുമുള്ള ഓഹരികളുടെ മൂല്യമെന്നതാണ് ശ്രദ്ധേയം. 1600 കോടി രൂപയുെട വരുമാനമുള്ള ഗോദ്റെജ് അഗ്രോ വെര്‍ട്ടും ഇവരുടെ മറ്റൊരു സംരംഭമാണ്. കാര്‍ഷിക - ഗ്രാമീണ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് വന്വളര്ച്ചയ്ക്ക ് കളമൊരുക്കുന്ന ഗോദ്റെജ് ഇന്‍ഡസ്ട്രീസിനൊപ്പം നിക്ഷേപകര്‍ക്കും മൂല്യവര്‍ധന നേടാം.
നിയമപരമായ വെളിപ്പെടുത്തല്‍: ഇക്വിറ്റി ഇന്റലിജന്‍സും ഞാനും മേല്‍പ്പറഞ്ഞ ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
No comments:
Post a Comment